ആരാമ്പ്രം റെയ്ഞ്ച് വാര്‍ഷിക സമാപനസമ്മേളനം നാളെ
കൊടുവള്ളി: ആരാമ്പ്രം റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ 30-ാം വാര്‍ഷിക സമാപന സമ്മേളനം ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ആരാമ്പ്രത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1982 ല്‍ നിലവില്‍ വന്ന ആരാമ്പ്രം റെയ്ഞ്ചില്‍ 20 മദ്രസ്സകളിലായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളും നൂറോളം അധ്യാപകരുമുണ്ട്.
ഞായറാഴ്ച രാവിലെ 10 ന് ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഇസ്‌ലാമിക് ഫെസ്റ്റ് ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. 20 മദ്രസ്സകളില്‍ നിന്നായി 300 വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.
തിങ്കളാഴ്ച വൈകിട്ട് നാലിന് ആരാമ്പ്രം ദാറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസ്സയില്‍ നടക്കുന്ന ഉലമ ഉമറ സംഗമം മടവൂര്‍ ഹംസ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദീര്‍ഘകാലം റെയ്ഞ്ച് ഭാരവാഹികളായിരുന്ന സി.ഇബ്രാഹിംകുട്ടി മുസ്‌ല്യാര്‍, കെ.അബൂബക്കര്‍ മൗലവി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ്ത്വാഹാ ജിഫ്രിതങ്ങള്‍, എന്‍.പി.അബൂബക്കര്‍ മുസ്‌ല്യാര്‍, മടവൂര്‍ ഹംസ, ഫൈസല്‍ ഫൈസി മടവൂര്‍, അഷ്‌റഫ് ദാരിമി എന്നിവര്‍ പങ്കെടുത്തു.




