കുടുംബ ബന്ധങ്ങളുടെ സുസ്ഥിരമായ നിലനില്‍പിന് അങ്ങേയറ്റം പ്രാധാന്യം നല്‍കിയ മതമാണിസ്ലാം, സമൂഹ സ്യഷ്ടിയുടെ ഏറ്റവും പരമമായ അടിത്തറയെന്ന നിലയിലാണ് ഓരോ കുടുംബത്തെയും ഇസ്ലാം കാണുന്നത്. അതിനാല്‍ തന്നെ, സാമൂഹ്യ ഭദ്രതയുടെ പ്രഥമ പാഠങ്ങള്‍ ഓരോ വ്യക്തിയും സ്വന്തം കുടുംബത്തില്‍ നിന്ന് അഭ്യസിച്ചിരിക്കണമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മനുഷ്യ സമൂഹത്തെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കുടുംബങ്ങളായി സ്യഷ്ടിച്ചുവെന്നത് അല്ലാഹു നല്‍കിയ അതിമഹത്തായൊരു അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. 'നിങ്ങളുടെ ശരീരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഇണകളെയും ഇണകളില്‍ നിന്ന് സന്താന പരമ്പരകളെയും നല്‍കിയത് അല്ലാഹുവാണ്' എന്ന് സൂറത്തുന്നഹ്‌ലില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
സംത്യപ്തവും, സുസ്ഥിരവുമായ ഒരു കുടുംബത്തിന്റെ സ്യഷ്ടി, ആ കുടുംബത്തിലെ നായകരായ ഭാര്യാ ഭര്‍ത്താക്കളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. തങ്ങളുടെ മക്കള്‍ക്കുമുന്നില്‍ ഉദാത്ത മാത്യകകളായി അവതരിപ്പിക്കപ്പെടാനാവുംവിധം, മാതാപിതാക്കളുടെ ജീവിതം സംസ്‌കാര പൂര്‍ണ്ണവും മത നിഷ്ഠവുമായാല്‍ ആ കുടുംബത്തില്‍ നിന്നു വരുന്ന സന്തതികള്‍ സമൂഹത്തിന് മുതല്‍കൂട്ടായി മാറും. മറിച്ച് മാതാപിതാക്കളുടെ ജീവിതം ക്രമരഹിതവും, അധാര്‍മ്മികത നിറഞ്ഞതുമായി മാറിയാല്‍ സ്വാഭാവികമായും ആ കുടുംബത്തിലെ കണ്ണികള്‍ സാമൂഹ്യവിരുദ്ധരും ദുര്‍മാര്‍ഗ്ഗികളുമായി മാറുകയും ചെയ്യും.. വളര്‍ന്നു വരുന്ന ഒരു കുട്ടിക്കു മുന്നില്‍ തന്റെ മാതാപിതാക്കളുടെ ജീവിതം, തിളക്കമുള്ള ഒരു കണ്ണാടി പോലെയാണ്. അവരുടെ ജീവിതത്തിലെ ഏതു തരം ചലനങ്ങളും ആ കുട്ടിയുടെ സ്വഭാവ , വ്യക്തിത്വ രൂപീകരണങ്ങളില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെ മാതാപിതാക്കളുടെ ജീവിതം എപ്പോഴും മാത്യകായോഗ്യവും, സംസ്‌കാര സമ്പന്നവുമാവണമെന്ന് വിശുദ്ധ ഇസ്ലാം നിരന്തരം ഉദ്‌ബോധിപ്പിച്ചു. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തങ്ങളുടെ മക്കള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കുന്നതിലും, അവരുടെ സൗഹ്യദങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഗുണകാംക്ഷാപരമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. തങ്ങളുടെ ഏതു തരം തിരക്കുകള്‍ക്കിടയിലും മക്കളുടെ കൂടെയിരിക്കുവാനും, അവരുടെ സഹജമായ സംശയങ്ങള്‍ക്ക് നിവാരണം നടത്തുവാനും മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ മതിയാവൂ. ചുരുങ്ങിയ സമയത്തേക്കെങ്കിലും ഇത്തരത്തില്‍ ദൈനം ദിനം മക്കളുമായി സംവദിക്കുന്നത് അവരുടെ ബുദ്ധി വികാസത്തിനും, സംസ്‌കാര,സ്വഭാവ രൂപീകരണത്തിനും, പ്രതിഭാ പരിപോഷണത്തിനും വലിയൊരളവില്‍ കാരണമായിത്തീരുന്നുവെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യമാണ്.
കുടുംബ ഭദ്രതയുടെയും, വിജയകരമായ കുടുംബസംസ്ഥാപനത്തിന്റെയും അടിസ്ഥാന ശിലകളായി പലകാര്യങ്ങളെയും ഇസ്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കള്‍ക്കിടയിലുണ്ടാവേണ്ട പരസ്പര സ്‌നേഹവും ബഹുമാനവുമാണ് ഇതില്‍ പ്രഥമസ്ഥാനമര്‍ഹിക്കുന്നത്. പരസ്പര വിധേയത്വത്തിലുപരിയായി അവര്‍ തമ്മിലുണ്ടാവേണ്ട പരസ്പര സ്‌നേഹത്തിന്റെയും, വാല്‍സല്യത്തിന്റെയും ഇടപെടലുകള്‍ കുടുംബ ഭദ്രതയുടെ ആണിക്കല്ലുകള്‍ തന്നെയാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പരമുണ്ടായിരിക്കേണ്ട സ്‌നേഹസമ്പന്നമായ അനുകമ്പയും ഇതിന്റെ ഭാഗമാണ്. പ്രായക്കൂടുതലുള്ളവരോട് ബഹുമാനവും, പ്രായക്കുറവുള്ളവരോട് അനുകമ്പയും കാണിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് പ്രവാചക വചനം.
പരസ്പര സംഭാഷണങ്ങളില്‍ പുലര്‍ത്തേണ്ട സ്‌നേഹ വായ്പുകളും കുടുംബ ഭദ്രതക്ക് അനിവാര്യമാണ്. ഹ്യദയങ്ങളെ പരസ്പരം ചേര്‍ത്തുനിര്‍ത്തുകയും, ബന്ധങ്ങളുടെ കെട്ടുറപ്പ് കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതില്‍ ഇത്തരം സ്‌നേഹ സംഭാഷണങ്ങള്‍ അതിമഹത്തായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഏതൊരു ഭാര്യാഭര്‍ത്താക്കളും തങ്ങളുടെ ഇണകളാല്‍ പുകഴ്ത്തപ്പെടുകയും, അംഗീകരിക്കപ്പെടുകയും വേണമെന്നാഗ്രഹിക്കുന്നവരാണ്. ഇത്തരം അംഗീകാരങ്ങളും , പുകഴ്ത്തലും കുടുംബ ജീവിതത്തില്‍ പരസ്പരം ശീലമാക്കുന്നത് അല്‍ഭുതകരമായ ഫലങ്ങള്‍ ഉളവാക്കുക തന്നെ ചെയ്യും. പ്രത്യുത പരസ്പര കുറ്റപ്പെടുത്തലുകളും, അവഹേളനങ്ങളും കുടുംബ ജീവിതത്തിന്റെ ഭദ്രതയുടെ അടിവേരറുക്കുകയും ചെയ്യും. സ്ത്രീ, പുരുഷ ഭേദമന്യെ മനുഷ്യനെ അധാര്‍മ്മികതകള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും അകല്‍ച്ചകളുമാണെന്നത് നിഷേധിക്കപ്പെടാനാവാത്ത വസ്തുതയാണ്.
മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട നന്‍മയിലധിഷ്ഠിതമായ സമീപനം കുടുംബ ഭദ്രതക്ക് ഒഴിച്ചുകൂടാനാവത്തതാണ്. തങ്ങളുടെ കുടുംബ വ്യക്ഷത്തിന് വിത്തുപാകിയ മാതാപിതാക്കളെ അവഗണിച്ചും വിസ്മരിച്ചും ഒരു തലമുറക്കും വിജയകരമായി മുന്നോട്ടു പോകാനാവില്ല. ഭാവിയില്‍ നമ്മുടെ മക്കള്‍ ഏതു വിധം നാമുമായി ഇടപെടണമെന്ന് നാം ആഗ്രഹിക്കുന്നുവോ അപ്രകാരം നമ്മുടെ മാതാപിതാക്കളുമായി നാം ഇടപെടുക. നിന്റെ സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കപ്പെടുന്നത് മാതാപിതാക്കളുമായുള്ള നിന്റെ ഇടപെടലുകള്‍ക്കനുസരിച്ചാണ് എന്ന പ്രവാചക വചനം ഹ്യദയത്തിലുറപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീന്‍




