Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എയര്‍ കേരളയുടെ ടേക്ഓഫ് 2013 ഏപ്രില്‍ 14 ന് 
തിരുവനന്തപുരം: എയര്‍ കേരളയുടെ കന്നിപ്പറക്കല്‍ അടുത്ത വിഷുദിനത്തില്‍. 2013 ഏപ്രില്‍ 14 ന് കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ കേരളയുടെ ആദ്യ വിമാനം ടേക് ഓഫ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തര സര്‍വീസാണോ അതോ രാജ്യാന്തര ഫ്ലൈറ്റാണോ ആദ്യം പറന്നുയരുക എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
100 കോടി പ്രാഥമിക മൂലധനവുമായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ മുമ്പാകെ എയര്‍ കേരള അടുത്ത മാസം അപേക്ഷ നല്‍കും. നിലവിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കൂ. കൂടാതെ ഇരുപതു വിമാനങ്ങളുമാണ് രാജ്യാന്തര സര്‍വ്വീസിന് അനുമതി ലഭിക്കാന്‍ ആവശ്യം. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയപ്പോള്‍ രാജ്യാന്തര സര്‍വീസ് നടത്തുന്നതിന് നിയമത്തില്‍ കേന്ദ്രം ഇളവ് നല്‍കി. എയര്‍ ഇന്ത്യയുടെ ഉപകമ്പനി എന്ന പേരിലാണ് അന്ന് നിയമത്തില്‍ ഇളവ് നല്‍കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയ അതേ ഇളവ് എയര്‍ കേരളയ്ക്കും അനുവദിക്കണമെന്നാണ് കേരളവും ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളികളായ പ്രവാസി വ്യവസായികള്‍ പലരും എയര്‍ കേരളയുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രവാസി വ്യവസായികളായ മലയാളികളുടെ കമ്പനികളില്‍ ജോലിചെയ്യുന്നത്. അവിടങ്ങളിലെ ജീവനക്കാരെക്കൊണ്ട് ഓഹരിയെടുപ്പിക്കാമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 500 കോടി രൂപ മൂലധനമായി സമാഹരിക്കുക ബുദ്ധിമുട്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 10,000 രൂപയാണ് ഓഹരിത്തുകയായി നിശ്ചയിച്ചിട്ടുള്ളത്.
തിരുവനന്തപുരം വിമാനത്താവളത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ അടുത്തിടെ പുതിയ ഹാങ്ങര്‍ സ്ഥാപിച്ചിരുന്നു. എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് അറ്റകുറ്റപ്പണിയുടെ നിരക്ക് നല്‍കി എയര്‍ കേരളയ്ക്ക് ഇവിടത്തെ ഹാങ്ങര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് എയര്‍ ഇന്ത്യ ഹാങ്ങര്‍ സ്ഥാപിച്ചത്. ഏതായാലും രാജ്യാന്തര സര്‍വീസിന് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര സര്‍വീസുമായി എയര്‍ കേരള അടുത്ത വിഷുവിന് പറന്നുയരാനാണ് ഒരുങ്ങുന്നത്