സാമ്പത്തിക-മാനസിക പ്രതിസന്ധികള്‍ക്കുള്ള
പരിഹാരം സ്രഷ്ടാവിലേക്കുള്ള തിരിച്ചുപോക്ക്
- എം എം ഉസ്താദ്
വെങ്ങപ്പള്ളി അക്കാദമിയില്‍ നടന്ന ദിക്ര്‍ വാര്‍ഷികത്തിന് എം എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ നേതൃത്വം നല്‍കുന്നു.
വെങ്ങപ്പള്ളി: വര്‍ത്തമാന സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന മാനസിക-സാമ്പത്തിക പ്രതിസന്ധികള്‍ക്കും പ്രകൃതി ക്ഷോഭങ്ങള്‍ക്കുമുള്ള ശാശ്വത പരിഹാര മാര്‍ഗ്ഗം സൃഷ്ടാവിലേക്ക് മടങ്ങല്‍ മാത്രമാണെന്നും, ആത്മീയതകൊണ്ടു മാത്രമേ മനുഷ്യമനസ്സുകള്‍ക്ക് സമാധാനവും ശാന്തിയും കൈവരികയുള്ളുവെന്നും സമസ്ത മുശാവറ മെമ്പറും പ്രമുഖ പണ്ഡിതനുമായ എം എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ 9-ാമത് ദിക്ര്‍ വാര്‍ഷിക സമ്മേളനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക ജീവിതത്തിന്റെ ആര്‍ഭാടങ്ങളില്‍ മതിമറക്കുന്നതിനു പകരം സമൂഹത്തിലെ അശരണരേയും ആലംബഹീനരേയും സഹായിക്കാനും നാട്ടിലെ വിളക്കുമാടങ്ങളായ വിജ്ഞാന സ്ഥാപനങ്ങളെ സഹായിക്കാനും സമ്പന്ന വിഭാഗം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആള്‍രൂപമായിരുന്നപ്പോഴും ആദര്‍ശത്തിലോ നയത്തിലോ അണുവിട വിട്ടുവീഴ്ച ഇല്ലാത്തവരും ഇടക്കാലത്തുണ്ടായ പ്രതിസന്ധികളില്‍ ഉലമാ-ഉമറാക്കള്‍ക്കിടയില്‍ ഐക്യത്തിന്റെ സന്ദേശ വാഹകനായിരുന്നുവെന്നും ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
ആസിഫ് വാഫി റിപ്പണ്‍ ആത്മീയ പ്രഭാഷണം നിര്‍വ്വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി, മുസ്തഫ ഫൈസി, ടി സി അലി മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, അലവിക്കുട്ടി ഫൈസി, ശംസുദ്ദീന്‍ റഹ്മാനി, കെ എ നാസിര്‍ മൗലവി, കെ മുഹമ്മദ്കുട്ടി ഹസനി, എ കെ സുലൈമാന്‍ മൗലവി, ജഅ്ഫര്‍ ഹൈത്തമി, ബീരാന്‍കുട്ടി ബാഖവി, സി പി മുഹമ്മദ്കുട്ടി ഫൈസി, അനീസ് ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
അക്കാദമി സെക്രട്ടറി സി പി ഹാരിസ് ബാഖവി സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ ഇബ്രാഹിം ഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.





