ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ തലസ്ഥാനം: നടപടികളമായി ദുബൈ
ദുബൈ : ദുബൈയെ ആഗോള ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ തലസ്ഥാനമാക്കി മാറ്റാന്‍ നടപടികള്‍ തുടങ്ങി. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് രാജ്യത്തെ ആഗോള ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ തലസ്ഥാനമാക്കി മാറ്റുമെന്ന് ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചത്. നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നതതല സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശില്‍പശാലയില്‍, വരും ദിവസങ്ങളിലെ നടപടികള്‍ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ട്.
ഓരോ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനരീതിയും സേവനങ്ങളും നോക്കിയാണ് അത് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് കീഴില്‍ വരുമോ ഇല്ലയോ എന്ന് തീരുമാനിക്കുക. സ്ഥാപനത്തിന്‍റെ സാമ്പത്തികവും സാമ്പത്തികേതരവുമായ വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി വിലയിരുത്തും.
ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍, ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്, ഇസ്‌ലാമിക തര്‍ക്ക പരിഹാര ഫോറം, ഇസ്‌ലാമിക ഭക്ഷ്യ വ്യവസായം തുടങ്ങിയവയാണ് പുതിയ സമ്പദ് വ്യവസ്ഥയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ രാജ്യത്ത് നിലവില്‍ വരിക. അതോടെ ഇസ്‌ലാമിക വ്യവസ്ഥകള്‍ക്ക് വിധേയമായ പുതിയ ഉല്‍പന്നങ്ങളും മാര്‍ക്കറ്റില്‍ രംഗപ്രവേശം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.




