സ്വന്തംലേഖകന്‍
കോഴിക്കോട്: സമസ്തക്ക് ദിനപത്രമെന്ന വര്‍ഷങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ തകൃതി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ‘സുപ്രഭാതം’ എന്ന പേരില്‍ പത്രം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം-മത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് മുഖപത്രം വേണമെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. ഇതിനായി പലഘട്ടങ്ങളിലും കൂടിയാലോചനകളും പദ്ധതിയും ആവിഷ്കരിച്ചിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമായിരുന്നില്ല. അടുത്ത നവംബര്‍ ഒന്നിനെങ്കിലും പത്രം യാഥാര്‍ഥ്യമാക്കലാണ് ലക്ഷ്യം. ഓണ്‍ലൈന്‍ എഡിഷനും ഇതോടൊപ്പം ആരംഭിക്കും.
സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട്, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരാണ് പത്രത്തിനായി മുന്‍പന്തിയിലുള്ളത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന് തുടക്കത്തില്‍ മൂന്ന് എഡിഷനുകളാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരിക്കും. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്തയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രസ് ഇതിനായി വിപുലീകരിക്കുന്നുണ്ട് . സംഘടനാ വാര്‍ത്തകളും നിലപാടുകളും അറിയിക്കുന്നതോടൊപ്പം പൊതുപത്രമായാണ് ‘സുപ്രഭാതം’ പുറത്തിറക്കുകയെന്ന് സുന്നി നേതാക്കള്‍ പറഞ്ഞു.
മദ്റസ അധ്യാപകരെയാണ് പ്രാദേശിക പത്രപ്രവര്‍ത്തനത്തിന് സംഘടന കാര്യമായി ഉദ്ദേശിക്കുന്നത്.





