മദീന : ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ് സംഘം മദീനയിലെത്തി. സൌദിയി ലെത്തുന്ന ആദ്യ വിദേശ തീര്‍ത്ഥാടക സംഘമാണ് ഇന്ത്യയില്‍ നിന്നുള്ളത്. 136,020 പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജിനെത്തുന്നത്. ഇതില്‍ നിന്നുള്ള ആദ്യ സംഘമാണ് ഇന്നലെ മദീനയിലെത്തിയത്. എയര്‍ ഇന്ത്യ വിമാനം വഴി ഗോവയില്‍ നിന്നാണ് ആദ്യ സംഘമെത്തിയത്. സംഘത്തിന് മദീന വിമാനത്താവളത്തില്‍ സൌദി ഹജ് മന്ത്രാലയ അധികൃതരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ് മിഷന്‍ വരവേല്‍പു നല്‍കി.
ഹജ് കമ്മിറ്റി വഴിയെത്തുന്ന 121,420 തീര്‍ത്ഥാടകരില്‍ 60,800 പേര്‍ മദീനയിലാണു വിമാനമിറങ്ങുക. പ്രവാചക പള്ളിക്കു സമീപമാണ് ഹാജിമാര്‍ക്കു താമസസൌകര്യമൊരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരെ സ്വീകരിക്കാനും താമസസ്ഥലങ്ങളിലെത്തിക്കാനും മദീന ഇന്ത്യന്‍ ഹജ് മിഷന്‍റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹജ് മിഷന്‍ മേധാവി ഷുക്കൂര്‍ പുളിക്കല്‍ വെളിപ്പെടുത്തി.
കേരളത്തില്‍ നിന്നുള്ള ആദ്യ സംഘവും മക്കയില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് സ്വകാര്യ ഗ്രൂപ്പുവഴിയാണ് മലയാളി സംഘമെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ സംഘമാണിത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ സംഘത്തിലുണ്ട്.





