സത്യപാതയില്‍ ത്യാഗം ചെയ്യാനുള്ള സന്നദ്ധതയാകണം ബലിപെരുന്നാളിന്റെ പ്രതിജ്ഞ. വിശുദ്ധ ഹജ്ജിന്റെ അനുബന്ധമായി വിശ്വാസികള്‍ക്ക് ലഭിച്ചിട്ടുള്ള ഈദുല്‍ അസ്ഹ നന്മയുടെ സുദിനമാണ്. തിന്മയെ നന്മകൊണ്ട് തടയാനാണ് അള്ളാഹുവിന്റെ കല്‍പ്പന. വിശ്വാസത്തിന് നേര്‍ക്കുള്ള വെല്ലുവിളികളെപ്പോലും നന്മകൊണ്ട് പ്രതിരോധിക്കാനാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ പാത പിന്തുടരാനുള്ള ശ്രമങ്ങളാകണം പെരുന്നാളില്‍ ഉണ്ടാകേണ്ടത്.
ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ത്യാഗത്തിന്റെ കഥയാണ് ഇബ്രാഹിം എന്ന പ്രവാചകന്‍ ഓര്‍മപ്പെടുത്തുന്നത്. ജീവിതത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള മനസ്സാണ് പ്രധാനം. ദൈവമാര്‍ഗത്തില്‍ ജീവിക്കുന്നവന് ഒടുവില്‍ നന്മയുടെ പ്രകാശം ലഭിക്കുമെന്ന് ഇബ്രാഹിം നബിയും പുത്രനും നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. സമൂഹത്തിനും നാടിനും നന്മ വരുത്താനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഓരോ വിശ്വാസിയും പെരുന്നാള്‍ സുദിനത്തില്‍ ശ്രദ്ധിക്കണം.





