Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു

മലപ്പുറം: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മയിലിനെ ബലിനല്‍കാന്‍ തയ്യാറായതിന്റെ ത്യാഗസ്മരണ ഉയര്‍ത്തിയാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് പെരുന്നാളിന്റെ വരവറിയിച്ച് തക്ബീര്‍ധ്വനികള്‍ ഉയര്‍ന്നതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ മൃഗങ്ങളെ ബലിയറത്തു. ഇസ്ലാംമത വിശ്വാസപ്രകാരം ദൈവത്തിനായി മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകരമായ കര്‍മമാണ്. ദൈവികമാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കാനുള്ള സന്നദ്ധത കൂടിയാണ് ബലി അര്‍പ്പിക്കലിലൂടെ കാണിക്കുന്നത്. ചെറിയ പെരുന്നാളിന് ഫിത്ര്‍ സക്കാത്തിനേക്കാളും മഹത്തരമാണ് ബലിനല്‍കുന്നത് എന്നാണ് വിശ്വാസം. അറുത്ത ബലിമൃഗങ്ങളെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു. സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് എല്ലാവരും പരസ്​പരം ഈദ് ആശംസകള്‍ കൈമാറി. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനംനടത്തി. വിഭവസമൃദ്ധമായ ഭക്ഷണംനല്‍കി വീട്ടിലെത്തിയ അതിഥികളെ സ്വീകരിച്ചു. വൈകുന്നേരങ്ങളില്‍ ബന്ധുക്കളുമൊത്ത് യാത്രകളുംനടത്തി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.