ഫൈസാബാദ് (പട്ടിക്കാട്): പടരുന്ന ജീര്‍ണതകള്‍ വെടിഞ്ഞ് മതമൂല്യങ്ങളോടെ ആദര്‍ശപാതയില്‍ സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്ത് ജാമിഅ നുരിയ്യ 51-മത് വാര്‍ഷിക 49-മത് സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം. വിശ്വാസി സാഗരത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ശുഭ്രസാഗരം ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി.
ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ഹൃദയങ്ങളിലാണെന്ന് സമാപന സമ്മേളനം ഉദ്‌ഘോഷിച്ചു. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 153 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 5922 ആയി ഉയര്‍ന്നു.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി അമ്പാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി മുഖ്യാതിഥിയായിരുന്നു.
കേന്ദ്ര മന്ത്രി ഇ.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ പാര്‍ലമെന്ററി മെമ്പര്‍ ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ് കേരള മുസ്‌ലിം നേതാക്കള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി കോയക്കുട്ടി മുസ്ല്യാര്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു.





