Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അന്താരാഷ്ട്ര ഏജന്‍സികളില്‍ പങ്കാളിയാവാന്‍ ഫലസ്തീന് യു.എന്‍. അംഗീകാരം

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ 13ഓളം അന്താരാഷ്ട്ര ഏജന്‍സികളില്‍ പങ്കാളിയാക്കുന്നതിന് ഫലസ്തീന്‍ അതോറിറ്റി നല്‍കിയ അപേക്ഷ യു.എന്‍. അംഗീകരിച്ചു. ഫലസ്തീന്റെ അപേക്ഷ അംഗീകരിച്ച കാര്യം 193 യു.എന്‍. അംഗരാജ്യങ്ങളെയും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് ഇസ്രായേല്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് യു.എന്‍. നടപടി. യു.എസ്. മധ്യസ്ഥതയില്‍ നടക്കുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ ധാരണയായിരുന്നത്. എന്നാല്‍, ഇതിന് ഇസ്രായേല്‍ തയ്യാറാവാഞ്ഞതോടെ സമാധാന ചര്‍ച്ച വഴിമുട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യു.എന്‍. ഏജന്‍സികളില്‍ പങ്കാളിയാവാന്‍ ഫലസ്തീന്‍ അതോറിറ്റി അപേക്ഷ നല്‍കിയത്. ഇതിനുപുറമെ ജനീവ കണ്‍വന്‍ഷന്റെ ഭാഗമാവാനും ഫലസ്തീന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി സ്വിറ്റ്‌സര്‍ലന്‍ഡിനാണ് അപേക്ഷ നല്‍കിയിരുന്നത്. ഇസ്രായേല്‍ ധിക്കാരപരമായ നടപടികള്‍ തുടരുകയാണെങ്കില്‍ ഫലസ്തീന്‍ കൂടുതല്‍ അന്താരാഷ്ട്ര ഏജന്‍സികളിലും കരാറുകളിലും പങ്കാളിയാവാന്‍ അപേക്ഷ നല്‍കുമെന്ന് ഫലസ്തീന്‍ മധ്യസ്ഥന്‍ സഈദ് എറക്കാത്ത് പറഞ്ഞു. അതിനിടെ, ഫലസ്തീനുമേല്‍ ഇസ്രായേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി. യു.എന്‍. ഏജന്‍സികളിലും അന്താരാഷ്ട്ര കരാറുകളിലും അംഗത്വംതേടിയതിനോടുള്ള പ്രതികാരമായാണ് ഇസ്രായേല്‍ നടപടി. ഇസ്രായേലിന് ഫലസ്തീന്‍ നല്‍കാനുള്ള കടം നികുതി വരുമാനത്തില്‍ നിന്ന് പിടിക്കുന്നതിനാണ് ഇപ്പോള്‍ ഇസ്രായേല്‍ തീരുമാനിച്ചത്. ഇത് ഫലസ്തീന്റെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.