ബാബരി മസ്ജിദ് ധ്വംസനത്തിന് ഇരുപതൊന്ന് ആണ്ട് തികയുന്നു. മാനവികതക്കെതിരായ ആ കൊടിയ അതിക്രമത്തിന്‍െറ കെടുതികളില്‍നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഇന്നും ബാബരി ധ്വംസനത്തിന്‍െറ വാര്‍ഷികത്തിന് ഭരണകൂടം രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ക്കശവും ഭദ്രവുമാക്കുന്നു. മുന്‍കരുതല്‍ അറസ്റ്റുകളും മുക്കുമൂലകള്‍ അരിച്ചുപെറുക്കിയുള്ള പരിശോധനകളും സജീവമാക്കുന്നു. രണ്ടു ദശകത്തിനുശേഷം ഇന്നും ഈ ദിനത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ മുഖ്യമായൊരു പങ്ക് സര്‍ക്കാറിന്‍െറ ഈ അതിജാഗ്രതാനീക്കങ്ങള്‍ക്കാണ് എന്നുപറയാം.
എന്നാല്‍, ക്രമസമാധാനത്തെ ചൊല്ലിയുള്ള ഈ തത്സമയ കാടിളക്കല്‍ കഴിച്ചാല്‍ രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകരാതെ കാക്കുന്നതിലും സമൂഹഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും ഭരണകൂടം എന്തു ചെയ്യുന്നു? ബാബരിമസ്ജിദ് ധ്വംസനത്തിന്‍െറ വിഷയത്തില്‍ ഇന്നോളമുണ്ടായ നടപടികളും നീക്കങ്ങളും പരിശോധിച്ചാല്‍ ഉത്തരം ആശ്വാസകരമല്ല, ആശങ്കാജനകം കൂടിയാണ്. മസ്ജിദ് തകര്‍ത്തേ അടങ്ങൂ എന്ന വാശിയില്‍ മുന്നിട്ടിറങ്ങിയ സംഘ്പരിവാറില്‍ നിന്നു പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. പ്രഖ്യാപിത നിലപാടില്‍നിന്നു കടുകിട പിന്മാറാതെ, മുന്‍നിശ്ചയപ്രകാരം അവര്‍ പള്ളി പൊളിച്ചു. എന്നാല്‍, ഭരണ-രാഷ്ട്രീയതലങ്ങളില്‍ ഈ ഹിംസാത്മകരാഷ്ട്രീയത്തിനെതിരെ പ്രത്യക്ഷനിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പരോക്ഷമായി വിധ്വംസകശക്തികളെ പിന്തുണക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവെച്ച അബദ്ധം രാജീവ്ഗാന്ധി വരെ ഒരേമട്ടില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സര്‍ദാര്‍ പട്ടേലും ഗോവിന്ദ വല്ലഭ പന്തും തുടങ്ങിയ കള്ളക്കളികളുടെ അവസാനകള്ളി കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറയും പ്രധാനമന്ത്രിയുടെയും പദത്തിലിരുന്ന് പി.വി. നരസിംഹറാവു പൂരിപ്പിച്ചു. പള്ളി തിരിച്ചുപിടിക്കുന്നതിനു വേണ്ടിയുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം കൊടുമ്പിരി കൊണ്ടിരിക്കെയാണ് പള്ളി തകര്‍ക്കുമെന്ന പ്രഖ്യാപനവുമായി വര്‍ഗീയവൈതാളികള്‍ രംഗത്തെത്തിയതും പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചതും. തുടര്‍ന്ന് രാജ്യം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. മസ്ജിദ്ധ്വംസനത്തിലൂടെ വിണ്ടുകീറിയ സാമൂഹികബന്ധങ്ങള്‍ തുടര്‍ന്നുണ്ടായ ഭീകരമായ വര്‍ഗീയകലാപങ്ങളിലൂടെ ഛിന്നഭിന്നമായി. രാജ്യവ്യാപകമായിതന്നെ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെട്ടു.
കാര്യങ്ങള്‍ കൈവിട്ടുകളഞ്ഞപ്പോള്‍ നാടൊട്ടുക്കും പിന്നീട് ഉയര്‍ന്ന മുറവിളി അപരാധത്തിന് അതിവേഗം പ്രായശ്ചിത്തം ചെയ്യുക എന്നതായിരുന്നു. ഈ ദിശയില്‍ അനുകൂലമായ ചില പ്രഖ്യാപനങ്ങള്‍ ആദിനാളുകളില്‍ ഭരണകൂടത്തിന്‍െറയും അതിനെ നയിച്ച കോണ്‍ഗ്രസിന്‍െറയും ഭാഗത്തു നിന്നുണ്ടായി. എന്നാല്‍, പ്രായോഗികനീക്കങ്ങളൊന്നും നടന്നില്ല. അതിന് കോണ്‍ഗ്രസ് ഒടുക്കേണ്ടി വന്ന വിലയായിരുന്നു ഉത്തരേന്ത്യയിലെ തുടര്‍ച്ചയായ ശക്തിക്ഷയം. ചില തിരുത്തുകള്‍ക്ക് പാര്‍ട്ടി പിന്നീട് സന്നദ്ധമായപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, മസ്ജിദ് ധ്വംസനത്തിന്‍െറ ഉത്തരവാദികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനോ വര്‍ഗീയവൈര നിര്യാതനത്തിന്‍െറ ഇരകളായ സമുദായത്തിന് സംഭവിച്ച നഷ്ടം നികത്തുന്നതിനോ ശ്രമമുണ്ടായില്ല. പതിറ്റാണ്ടിലേറെ പിന്നിട്ടശേഷം കോണ്‍ഗ്രസിനുവേണ്ടി അധ്യക്ഷ സോണിയഗാന്ധി മുസ്ലിംകളോട് മാപ്പുചോദിച്ചതാണ് ഈ വിഷയകമായ പറയത്തക്ക പുരോഗതി. പരിഹാരനിര്‍ദേശം കോടതി പറയുമെന്നു കരുതിയിരിക്കെ അലഹബാദ് ഹൈകോടതിയുടെ തീര്‍പ്പും നിരാശപ്പെടുത്തി. പിന്നീട് ആ വിധിക്ക് സുപ്രീംകോടതി സ്റ്റേ വരുകയും ചെയ്തു.
മറുഭാഗത്ത് മസ്ജിദ്ധ്വംസനത്തോടെ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ക്ക് സമാശ്വാസം പകരുന്ന നടപടികളൊന്നുമുണ്ടായില്ല. ഫലം എന്തായി എന്നു വെളിപ്പെടുത്തുന്നതായിരുന്നു കറുത്ത ഞായറാഴ്ചയുടെ പതിനാലു വര്‍ഷം കഴിഞ്ഞ് 2006 നവംബറില്‍ പാര്‍ലമെന്‍റിനു മുന്നില്‍ വന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യന്‍മുസ്ലിംകളുടെ അപരവത്കരണം സംബന്ധിച്ച വസ്തുസ്ഥിതി വിവരമായിരുന്നു അത്. അതില്‍ വരച്ചുകാണിച്ച ദയനീയസ്ഥിതി മറികടക്കാന്‍ നോക്കിയില്ല എന്നല്ല, മുസ്ലിം ന്യൂനപക്ഷത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ സജീവമാകുന്നതാണ് തുടര്‍ന്നു കണ്ടത്. ബാബരി ധ്വംസനവും തുടര്‍ന്നുള്ള വന്‍കലാപങ്ങളും ഗുജറാത്ത് വംശഹത്യയുമൊക്കെ ചകിതമാക്കി നിര്‍ത്തിയ ന്യൂനപക്ഷങ്ങളെ തീവ്രവാദത്തിന്‍െറ പേരില്‍ രാജ്യവ്യാപകമായി വേട്ടയാടി. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നടന്ന ബോംബ്സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംയുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ മുസ്ലിംയുവാക്കള്‍ അവരുടെ കഴിവുകള്‍ രാജ്യദ്രോഹ, ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മതപാഠശാലകളായ മദ്റസകള്‍ തീവ്രവാദത്തിന്‍െറ ഈറ്റില്ലങ്ങളായി മുദ്രയടിക്കപ്പെട്ടു. മുസ്ലിം ഭൂരിപക്ഷഗ്രാമങ്ങളും പട്ടണങ്ങളും സംശയച്ചുഴിയിലകപ്പെട്ടു. വാര്‍ത്താമാധ്യമങ്ങള്‍ മുന്നില്‍നിന്ന ഈ പ്രചണ്ഡപ്രചാരണത്തിന് ഒൗദ്യോഗിക മെഷിനറിയുടെ നിര്‍ലോഭമായ സഹായം ലഭിച്ചു. നൂറുകണക്കിനു യുവാക്കള്‍ ജയിലിലായി. ഒടുവില്‍ പ്രചാരണത്തിന്‍െറയും ആരോപണങ്ങളുടെയും എതിര്‍ദിശയിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് ദൈവാധീനത്താല്‍ പുറത്തായി. അതിനുശേഷവും നിരപരാധികള്‍ വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസത്തില്‍തന്നെ തുടരുന്നു- അവരിലാരുടെയും കുറ്റം തെളിയിക്കാന്‍ ഇന്നോളം അന്വേഷണ ഏജന്‍സികള്‍ക്കായില്ളെങ്കിലും. കേന്ദ്രത്തില്‍ സര്‍ക്കാറുകള്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും നേതൃത്വത്തില്‍ മാറിവന്നെങ്കിലും ഈ പ്രവണതക്കു മാത്രം മാറ്റമൊന്നുമുണ്ടായില്ല.
ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രതിബദ്ധതയുടെ ഉരകല്ലായിരുന്നു ബാബരിമസ്ജിദ് പ്രശ്നം. അതില്‍ ഭരണകൂടങ്ങളും അവയെ നയിക്കുന്ന മുഖ്യ രാഷ്ട്രീയകക്ഷികളും ഒരുപോലെ പരാജയപ്പെടുമ്പോള്‍ രാഷ്ട്രം തന്നെയാണ് തോല്‍ക്കുന്നത്. അതു തിരിച്ചറിഞ്ഞുള്ള പരിഹാരക്രിയകളുടെ അവസരം ഒന്നൊന്നായി നഷ്ടപ്പെടുത്തിയതാണ് ബാബരിവിഷയത്തില്‍ ഇത്രനാള്‍ സംഭവിച്ചത്. മസ്ജിദ് പ്രശ്നത്തില്‍ നിഷേധിക്കപ്പെട്ട നീതി തിരിച്ചുകിട്ടിയില്ളെന്നുമാത്രമല്ല, അതില്‍ പിന്നീട് കൂടുതല്‍ നീതിനിഷേധങ്ങള്‍ക്കും മുസ്ലിംകള്‍ ഇരയായി. അവരുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷനും മുസ്ലിം സ്ഥിതി അന്വേഷിച്ച സച്ചാര്‍ കമ്മിറ്റിയുമൊക്കെ ശിപാര്‍ശ ചെയ്തതാണ്. ആ ദിശയിലേക്കുള്ള ചുവടുവെപ്പിന് ഇനിയും ഭരണകൂടം അറച്ചുനില്‍ക്കുന്നതെന്താണ്? ക്രമസമാധാനത്തിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ താല്‍ക്കാലികങ്ങളാകാം. സുസ്ഥിരമായ സമാധാനത്തിനും ക്ഷേമരാഷ്ട്രത്തിനും അവധാനത്തോടെയുള്ള ദീര്‍ഘകാല പ്രായോഗികനടപടികള്‍ തന്നെ വേണം. രണ്ടു പതിറ്റാണ്ടു തികയുന്ന മസ്ജിദ്ധ്വംസനത്തിന്‍െറ പരിഹാരത്തില്‍തൊട്ട് അതിനു തുടക്കമിടാന്‍ ഭരണകൂടത്തിനു കഴിയുമോ?





