സുസ്ഥിരമായൊടിത്തറയില്‍ കെട്ടിയുയര്‍ത്തപ്പെട്ട ഒരു വ്യവസ്ഥാപിത സമൂഹത്തെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഇത്തരമൊരു സമൂഹസ്യഷ്ടിക്കനിവാര്യമായ മുഴുവന്‍ ഘടകങ്ങളെയും അങ്ങേയറ്റം മാനിക്കാനും,പരിഗണിക്കാനുംഇസ്ലാം ശക്തമായിതന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. പരസ്പര സഹകരണത്തിലും, സ്‌നേഹത്തിലുമധിഷ്ഠിതമായ സമീപനത്തിലൂടെയാവണം മനുഷ്യര്‍ക്കിടയിലെ പരസ്പര വ്യവഹാരങ്ങളെന്ന് ഇസ്ലാം നിരന്തരം മനുഷ്യനെ ആഹ്വാനം ചെയ്തു. ഇത്തരത്തില്‍ ഇസ്ലാമിന്റെ സവിശേഷ ശ്രദ്ധക്കും, പരിഗണനക്കും വിധേയമായൊരു സുപ്രധാന മേഘലയാണ് അയല്‍പക്ക ബന്ധം. അയല്‍ക്കാരുമായുള്ള ബന്ധം അങ്ങേയറ്റം ആത്മാര്‍ത്ഥതയിലധിഷ്ഠിതമാവണമെന്നും, ആ ബന്ധത്തിന് വിള്ളലുകള്‍ വീഴ്ത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിക്കണമെന്നും ഇസ്ലാം കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്. സുറത്തുന്നിസാഇല്‍, അല്ലാഹുവല്ലാതെ മറ്റൊരാളെയും ആരാധിക്കരുതെന്നും, മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരോട് നന്‍മയോടെ ഇടപെടണമെന്നുമുള്ള കല്‍പനകള്‍ക്ക് തൊട്ടു പിന്നിലായി അല്ലാഹു കല്‍പിക്കുന്നത് , വിവേചന രഹിതമായി അയല്‍ക്കാര്‍ക്ക് നന്മ ചെയ്യണമെന്നാണ്. ഈ പരിഗണനയുടെ കാര്യത്തില്‍ മത പരമായതോ. മറ്റു ഏതെങ്കിലും തരത്തിലുള്ളതോ ആയ വിവേചനം പാടില്ലെന്ന് ഈ ഖുര്‍ആന്‍ വചനം അസന്നിഗ്ദമായി വ്യക്തമാക്കുന്നുണ്ട്.
പ്രവാചക തിരു വചനങ്ങളിലും ഇതു സംബന്ധിയായ നിരവധി സുപ്രധാന സുചനകള്‍ നമുക്ക് കണ്ടെത്താനാവും. അയല്‍ക്കാരോടുള്ള മാന്യമായ സമീപനം ഒരാളുടെ വിശ്വാസ സമ്പൂര്‍ണ്ണതയുടെ പോലും സൂചകമായാണ് പ്രവാചകര്‍ പരിചയപ്പെടുത്തിയത്. പ്രവാചകര്‍ (സ) പറഞ്ഞു “നിങ്ങളിലാരെങ്കിലും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്റെ അയല്‍വാസിക്ക് നന്മ ചെയ്യട്ടേ” . ഒരാളിലെ നന്‍മ,തിന്‍മകളുടെ മാനദണ്ഢമായും അയല്‍വാസികളുമായുള്ള അവന്റെ ഇടപെടലുകളെ പരിഗണിക്കാനാവുമെന്ന് മറ്റൊരുസന്ദര്‍ഭത്തില്‍ അവിടുന്ന് പ്രസ്താവിച്ചു. ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്ന് ഇപ്രകാരം ചോദിച്ചു, “അല്ലയോ പ്രവാചകരേ, ഞാന്‍ ചെയ്ത ഒരു പ്രവര്‍ത്തി നന്മയോ തിന്മയോ എന്ന് ക്യത്യമായി വേര്‍തിരിച്ചറിയാന്‍ വല്ല മാര്‍ഗവുമുണ്ടോ? പ്രവാചകര്‍ (സ) ഇപ്രകാരം മറുപടി പറഞ്ഞു “നിന്റെ ആ പ്രവര്‍ത്തിയെക്കുറിച്ച് നിന്റെ അയല്‍ക്കാര്‍ എന്തു പറയുന്നുവെന്ന് നീ നിരീക്ഷിക്കുക നീ ചെയ്തത് നന്‍മയാണെന്ന് അവര്‍ നിരീക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത് നന്മയും മറിച്ചാണെങ്കില്‍ തീര്‍ച്ചയായും അത് തിന്‍മയും ആണെന്ന് നീ ഉറപ്പിക്കുക”.
മരണപ്പെട്ടു പോയ ഒരു മുസ്ലിമിനെക്കുറിച്ച് അവന്റെ ഏറ്റവുമടുത്ത നാല് അയല്‍ക്കാര്‍ നല്ലത് പറയുന്നുവെങ്കില്‍ തീര്‍ച്ചയായും ആ മരണപ്പെട്ട മനുഷ്യന്റെ കാര്യത്തില്‍ അയല്‍വാസികളുടെ സാക്ഷ്യം അല്ലാഹു സ്വീകരിക്കുകയും അതു ഫലമായി അല്ലാഹു അവന് പാപമോചനം നല്‍കുകയും ചെയ്യുമെന്ന് മറ്റൊരു ഹദീസില്‍ പ്രവാചകര്‍ (സ) സൂചിപ്പിക്കുന്നുണ്ട്.
താന്‍മുലമുണ്ടായേക്കാവുന്ന അപകടങ്ങളെ തൊട്ട് തന്റെ അയല്‍ക്കാരന് നിര്‍ഭയത്വം നല്‍കാന്‍ സാധിക്കാത്തവന്റെ വിശ്വാസം പൂര്‍ണ്ണമല്ലെന്നതും ഇതു സംബന്ധമായ ഇസ്ലാമിന്റെ കാഴ്ചപ്പാടുകളില്‍ പ്രധാനപ്പെട്ടതാണ്.
അയല്‍ക്കാരനുമായുള്ള ഇടപെടലുകളില്‍ പാലിക്കപ്പെടേണ്ട ബാധ്യതകളെയും ഇസ്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പരസ്പരം കണ്ടു മുട്ടുമ്പോള്‍ സലാം പറയുക, പ്രസന്നമായ മുഖത്തോടെ ഇടപഴകുക, കുശലാന്വഷണങ്ങള്‍ നടത്തുക, അവന്റെ അഭിമാനത്തിന് ഹാനികരമാവുന്ന കാര്യങ്ങളില്‍ നിന്നകന്നു നില്‍ക്കുക , നേട്ടങ്ങളില്‍ അഭിനന്ദിക്കുകയും, നഷ്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും ചെയ്യുക, രോഗ വേളകളില്‍ സന്ദര്‍ശിക്കുകയും മരണമടഞ്ഞാല്‍ സംസ്‌കരണ കാര്യങ്ങളില്‍ പങ്കാളിയാവുകയും ചെയ്യുക തുടങ്ങിയവ അവയില്‍ സുപ്രധാന സ്ഥാനമര്‍ഹിക്കുന്നവയാണ്. ഇത്തരം ബാധ്യതകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നവന്‍ തീര്‍ച്ചയായും അല്ലാഹുവിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്നും , ശിക്ഷാര്‍ഹനായിത്തീരുമെന്നും വിശുദ്ധ ഇസ്ലാം പഠിപ്പിച്ചു.
അയല്‍ക്കാരുമായി പുലര്‍ത്തുന്ന സ്‌നേഹ സഹകരണങ്ങള്‍ കേവലം നിസ്സാരമായിരുന്നാല്‍ പോലും അതി മഹത്തായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്ന് നബി വചനങ്ങളില്‍ കാണാം .ഒരിക്കല്‍ പ്രവാചകര്‍ (സ) പറഞ്ഞു “അല്ലയോ മുസ്ലിം സ്ത്രീകളേ നിങ്ങളുടെ അയല്‍ക്കാരുമായുള്ള നിസ്സാര നന്‍മകളെപ്പോലും നിങ്ങള്‍ അവഗണിക്കരുത്, ഒരു ആടിന്റെ കുളമ്പെല്ല് ദാനം ചെയ്തിട്ടാണെങ്കില്‍ പോലും അവരുമായുള്ള ബന്ധം നിങ്ങള്‍ പരിപാലിക്കുക”.
ഭൗതിക ജീവിതത്തില്‍ മനുഷ്യന് ലഭിക്കാവുന്ന നാല് സുപ്രധാന സന്തോഷങ്ങളിലൊന്നായി പ്രവാചകര്‍ (സ) പരിചയപ്പെടുത്തിയതും വിശ്വസ്തനായ അയല്‍വാസിയെ ആയിരുന്നു. പ്രവാചകര്‍ (സ) പറഞ്ഞു “നാലു കാര്യങ്ങള്‍ ഒരാളുടെ സൗഭാഗ്യങ്ങളില്‍ പെട്ടതാണ്. സദ്‌വ്യത്തയായ ഭാര്യ, സൗകര്യപ്രദമായ വീട്, സച്ചരിതനായ അയല്‍വാസി, സുഖകരമായ വാഹനം എന്നിവയാണവ”. ഇത്തരത്തില്‍ ഏതര്‍ത്ഥത്തിലും വളരെ സുപ്രധാനമായ പരിഗണനയര്‍ഹിക്കുന്ന ഒരു വിഷയമാണ് അയല്‍ പക്ക ബന്ധം . സാമൂഹിക ബന്ധങ്ങളുടെ പരിപാലനത്തിലൂടെ നാം നമ്മുടെ കടമ നിര്‍വഹിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീന്‍




