മസ്ജിദുല്‍ ഹറാം വിടവാങ്ങല്‍ ത്വവാഫിന്‍െറ തിരക്കില്‍
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമായതോടെ മസ്ജിദുല്‍ ഹറാം ‘വിടവാങ്ങല്‍ ത്വവാഫി’ന്‍െറ തിരക്കില്‍. സ്വദേശത്തേക്ക് തിരിക്കുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ വിടവാങ്ങല്‍ ത്വവാഫിനായി ഹറമിലെത്തിയത്.
ചൊവ്വാഴ്ച ഉച്ച മുതലേ മിനയില്‍ നിന്ന് വാഹനത്തിലും കാല്‍നടയായും ഹറമിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വര്‍ധിച്ച തിരക്ക് ഏതാനും ദിവസം തുടരും. ഇന്നും നാളെയുമായി സ്വദേശത്തേക്ക് തിരിക്കുന്നവരാണ് ത്വവാഫ് ചെയ്യാന്‍ എത്തിയവരില്‍ ഭൂരിഭാഗവും.
മദീന വഴി യാത്ര തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മണിക്കൂറില്‍ 70,000 ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതാഫ് മുഴുവനും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു വീര്‍പ്പുമുട്ടുകയാണ്. മസ്ജിദുല്‍ ഹറാമിന്‍െറ മുകളിലത്തെ നിലകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറെ പാടുപെട്ടാണ് പലരും ത്വവാഫ് പൂര്‍ത്തിയാക്കുന്നത്. ഉന്തുവണ്ടികള്‍ക്ക് പ്രത്യേക പ്രവേശന കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ വികലാംഗകര്‍ക്കും അവശര്‍ക്കും പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്.
ഹറം കാര്യാലത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ 6000ത്തോളം പേരെ തീര്‍ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിരിക്കയാണ്്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നടപ്പാതകളിലെ ഇരുത്തവും നമസ്കാരവും തടയാനും ശുചീകരണ ജോലികള്‍ക്കും കൂടുതല്‍ പേര്‍ രംഗത്തുണ്ട്്.
പോക്കുവരവുകള്‍ എളുപ്പമാക്കാന്‍ ഹറമിന്‍െറ മുഴുവന്‍ പ്രവേശന കവാടങ്ങളും തുറന്നിട്ടുണ്ട്. 177 പ്രവേശന കവാടങ്ങളിലായി 1000 ത്തോളം പേരെ വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. സിവില്‍ ഡിഫെന്‍സിന് കീഴില്‍ പ്രാഥമിക ശുശ്രൂഷക്കായി ഹറമിനകത്തും പുറത്തുമായി 30തോളം സ്ഥലങ്ങളില്‍ 1000ത്തിലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. സുരക്ഷാ രംഗത്ത് ഹറം സേന വിഭാഗം വിവിധ ഭാഗങ്ങളില്‍, വിശേഷിച്ചും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പേരെ വിന്യസിച്ചു.. 1700 ഓളം നിരീക്ഷണ കാമറകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.





