പള്ളി പുനര്‍നിര്‍മാണത്തിനിടെയുണ്ടായ അപകടം നാടിനെ നടുക്കി
കൊടുവള്ളി: കിഴക്കോത്ത് ജുമാമസ്ജിദ് പുനര്‍നിര്‍മാണ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടമരണം നാടിനെ നടുക്കി. കാലപ്പഴക്കം കാരണം ജീര്‍ണാവസ്ഥയിലായ പള്ളി പുതുക്കിപ്പണിത് നവീകരിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പള്ളിക്ക് എഴുന്നൂറിലേറെ വര്‍ഷം പഴക്കമുണ്ട്.
പള്ളിയുടെ പിന്‍വശത്തെ ചുമര്‍ പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ഭിത്തിയില്‍ നിന്ന് അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പരിസരവാസികളായ 35-ഓളം പേരാണ് ശ്രമദാന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. കെട്ടിടത്തിനു മുകളില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. സ്ലാബ് തകര്‍ന്നപ്പോള്‍ മരിച്ച കാരക്കുന്നുമ്മല്‍ അബു (50) സ്ലാബിനടിയില്‍പ്പെടുകയായിരുന്നു. പ്രവൃത്തിയിലേര്‍പ്പെട്ടവര്‍ സ്ലാബ് മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജെ.സി.ബി. ഉപയോഗിച്ച് സ്ലാബ് എടുത്തുമാറ്റിയാണ് അബുവിനെ പുറത്തെടുത്തത്. പ്രവൃത്തിയിലേര്‍പ്പെട്ട മറ്റു അഞ്ച് പേര്‍ക്കും പരിക്കേറ്റിരുന്നു.
മരിച്ച അബു കൊടുവള്ളി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചുമണിയോടെ വീട്ടിലും തുടര്‍ന്ന് കിഴക്കോത്ത് പള്ളിയിലും പൊതുദര്‍ശനത്തിനുവെച്ചു. നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.




