Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റാലികളും സമ്മേളനങ്ങളുമായി നബിദിനാഘോഷം
താമരശ്ശേരി: റാലികളും സമ്മേളനങ്ങളുമായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു.
ഓമശ്ശേരി പുത്തൂര്‍ കൊയിലാട്ട് രിഫാഇയ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനറാലിയും സമ്മേളനവും നടത്തി. കണിയാറംകണ്ടം ജുമുഅത്ത് പള്ളിയില്‍നിന്ന് ആരംഭിച്ച റാലി മൊയിലാട് സാദാത്ത്പരിസരത്ത് സമാപിച്ചു. കൊയിലാട് കുഞ്ഞിസീതിക്കോയതങ്ങള്‍, സയ്യിദ് സക്കരിയ്യതങ്ങള്‍, അലിഫൈസി, സി.പി. മൂസക്കോയ, മൊയ്തീന്‍കുട്ടിഹാജി, ഇബ്രാഹിംഹാജി, സി.കെ.കെ. തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏപ്രില്‍ നാലു മുതല്‍ എട്ടുവരെ നടക്കുന്ന രിഫാഇയ്യ വാര്‍ഷിക സമ്മേളന പ്രഖ്യാപനം സയ്യിദ് മുഹമ്മദ് ആറ്റക്കോയതങ്ങള്‍ നിര്‍വഹിച്ചു.
കെടവൂര്‍ ഇസത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെയും തല്‍വീറുല്‍ ഉലൂം മദ്രസക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. മുദരിസ് ഉസയിന്‍ അസ്ഹരി, ടി.പി. ഹുസയിന്‍ഹാജി, കെ.കെ.ഇബ്രാഹിംഹാജി, പി.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി.കെ.മുഹമ്മദ്ഹാജി, കെ.കെ. കാദര്‍ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ പി.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. ഹുസയിന്‍ഹാജി, കെ.കെ. നാസര്‍, മനാഫ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ഹുസയിന്‍ സ്വാഗതവും പി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അന്നദാനവും നടന്നു.
നരിക്കുനി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1486-ാം ജന്മദിനം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധഭാഗങ്ങളില്‍ മഹല്ല് കമ്മിറ്റികളും മദ്രസകളും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. ഘോഷയാത്ര, ദഫ്മുട്ട്, സ്‌കൗട്ട് സംഘങ്ങളുടെ വിവിധ പരിപാടികള്‍, മൗലിദ് പാരായണം, അന്നദാനം, കലാപരിപാടികള്‍, മധുര പലഹാരങ്ങളുടെയും പാനീയങ്ങളുടെയും വിതരണം എന്നിവ നടന്നു.
മാവൂര്‍: വിവിധ മഹല്ല് കമ്മിറ്റികളുടെയും മദ്രസ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന ഘോഷയാത്രയും റാലിയും നടത്തി.
മാവൂര്‍ പാറമ്മല്‍ വലിയ ജുമുഅത്ത് പള്ളിമഹല്ല് കമ്മിറ്റിയുടെയും മാവൂര്‍ ടൗണ്‍ ജുമാ മസ്ജിദ് മദ്രസ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയും റാലിയും നടത്തി. മഹല്ലിലെ വിവിധ മദ്രസ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്‌കൗട്ട് വളണ്ടിയര്‍ റൂട്ട്മാര്‍ച്ച്, ദഫ്മുട്ട്, അറബനമുട്ട്, റിബണ്‍ പ്ലേ തുടങ്ങിയവ ഘോഷയാത്രകള്‍ക്ക് കൊഴുപ്പേകി.
മഹല്ല് നേതാക്കളായ ടി. ഹംസ, കെ. മുഹമ്മദ് ബാഖവി, എന്‍.പി. അഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, കെ.വി. ഷംസുദ്ദീന്‍ ഹാജി, ഇ.കെ. മൊയ്തീന്‍ഹാജി, മതിലകത്ത്പറമ്പ് അബ്ദുറഹിമാന്‍, കെ. നജ്മുദ്ദീന്‍, എം.എഫ്.എ. ഖാദര്‍, എം.പി. കരീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചെറൂപ്പ ഹിമായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. മുദരിസ് അബൂതാഹിര്‍ ബാഖവി, മഹല്ല് പ്രസിഡന്റ് ബി.കെ. അലവി ഹാജി, സെക്രട്ടറി എ.കെ. മുഹമ്മദാലി, പി. പരീക്കുട്ടി, വി.കെ. റസാഖ്, കെ.എം.എ. റഹ്മാന്‍, സി.കെ. അബ്ദുള്ള, അഷ്‌റഫ് ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്കി. റാലിയുടെ സമാപന സമ്മേളനം അബുതാഹിര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പി. പരീക്കുട്ടി അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, കെ.എം.എ. റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുക്കം: പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തി ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ പരിപാടികളോടെ നാടെങ്ങും നബിദിനാഘോഷം നടന്നു. സ്വലാത്തിന്റെയും തക്ബീറിന്റെയും മന്ത്രങ്ങള്‍ മുഴക്കിക്കൊണ്ട് നടന്ന ഘോഷയാത്രകള്‍ക്ക് ദഫ് മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയവ മിഴിവേകി. അന്നദാനവും സാംസ്‌കാരികസമ്മേളനങ്ങളും കലാപരിപാടികളും എല്ലായിടത്തും നടന്നു.
വടകര: പുതിയാപ്പ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എം.പി. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. എന്‍. അലിമൗലവി പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി. ഉന്നതവിജയികളെ ചടങ്ങില്‍ അനുമോദിച്ചു. യൂസഫ് മൗലവി, ഇ.എം. ഇസ്മയില്‍, ആര്‍.പി. റഊഫ്, എസ്.പി. മുഹമ്മദ് ചെക്കന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. 400ഓളം വീടുകളില്‍ അന്നദാനം നടത്തി. നബിദിനറാലിയുമുണ്ടായി. കുറുമ്പയില്‍, മാക്കൂല്‍പീടിക എന്നിവിടങ്ങളില്‍ പായസം വിതരണംചെയ്തു.
കൊടുവള്ളി: കൊല്ലരുകണ്ടി ഹയാത്തുല്‍ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. എന്‍.പി. മുഹമ്മദ്ഹാജി, കല്ലൂര്‍ മുഹമ്മദ്ഹാജി, പി.ടി. മുഹമ്മദ്ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
കളരാന്തിരി മിസ്ബാഹുല്‍ ഹുദ മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം മഹല്ല് ഖാസി കെ. അബ്ദുറഹിമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി.പി. കുഞ്ഞായിന്‍കുട്ടിഹാജി അധ്യക്ഷതവഹിച്ചു. വി. മുഹമ്മദ്മൗലവി, പി. മുഹമ്മദ്, കെ.പി. കുഞ്ഞോതി, കെ. റസാഖ്, പി.കെ. സാജിദ് ഫൈസി, എന്‍.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹ്‌യുദ്ദീന്‍കുട്ടി ബാഖവി പരതക്കാട് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. എന്‍.കെ.എ. മജീദ് സ്വാഗതവും വി.എ. റഹ്മാന്‍ നന്ദിയും പറഞ്ഞു.