തിരുകേശം: സത്യം വിജയിക്കുംവരെ പോരാട്ടം തുടരും -എസ്.കെ.എസ്.എസ്.എഫ്
താമരശ്ശേരി: പ്രവാചകന്റെ തിരുകേശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സത്യം വിജയിക്കുംവരെ പോരാട്ടം തുടരുമെന്ന് എസ്.കെ.എസ്.എഫ്. വിമോചനയാത്രയുടെ നായകന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. വിമോചനയാത്രയ്ക്ക് പൂനൂരില്‍ നല്കിയ സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുകേശ വിഷയത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വഴിമാറി ചിന്തിക്കേണ്ടിവരും. മുടി പിന്‍വലിച്ച് യഥാര്‍ഥ ഇസ്‌ലാമിന്റെ മാര്‍ഗത്തിലേക്ക് വരണം. ഇക്കാര്യത്തില്‍ ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
'ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി സംഘടിപ്പിച്ച സംസ്ഥാനതല ജാഥയാണ് പൂനൂരിലെത്തിയത്. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വി.എം. ഉമ്മര്‍ എം.എല്‍.എ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, നാസര്‍ ഫൈസി കൂടത്തായി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുജീബ് ഫൈസി പൂലോട്, ബാവ ജറാനി കളരാന്തിരി എന്നിവര്‍ പ്രസംഗിച്ചു. മജീദ് ദാരിമി ചളിക്കോട് സ്വാഗതവും ഹരിസ് മുസ്‌ല്യാര്‍ തലയാട് നന്ദിയും പറഞ്ഞു.





