Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രവാചക നിന്ദ: പ്രതിഷേധം വ്യാപകം 
സിനിമാ നിര്‍മാണത്തിന് ജൂതസംഘടനകളുടെ സഹായം 
ന്യൂയോര്‍ക്: പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്ന സിനിമക്കെതിരെ ലോകവ്യാപക പ്രതിഷേധം. ലിബിയയില്‍ അമേരിക്കന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളുടെ വധത്തിലേക്ക് നയിച്ച അക്രമങ്ങളുടെ കാരണം ഈ സിനിമക്കെതിരെ ഉയര്‍ന്ന വികാരമാണ്. പ്രവാചകന്‍െറ രൂപം ചിത്രീകരിക്കുന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായിരുന്നു ബുധനാഴ്ച അറബ് ലോകത്തെ പ്രധാന പത്രങ്ങളുടെയും മുഖ്യ വാര്‍ത്ത. ഹിസ്ബുല്ല അടക്കമുള്ള പല സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തി.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമകളും കാര്‍ട്ടൂണുകളും ലോകത്ത് പുതിയതല്ല. എന്നാല്‍, ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ ക്രിസ്ത്യന്‍-ജൂത ലോബിയുടെ പിന്തുണയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അല്‍ഖുദ്സ് അല്‍അറബി’ എഡിറ്റോറിയല്‍ നിരീക്ഷിച്ചു. അമേരിക്കയിലെ സയണിസ്റ്റ് ലോബിയാണ് സിനിമയുടെ പ്രായോജകരെന്ന് പ്രസ് ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ സാം ബാസില്‍ എന്ന ഇസ്രായേല്‍ വംശജനാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന ചിത്രം നിര്‍മിച്ചത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്’ എന്നു പേരിട്ട ചിത്രം ഈജിപ്തിലെ ഒരു കോപ്റ്റിക് ക്രിസ്ത്യന്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി യൂ ട്യൂബില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ട് അഞ്ചു മില്യന്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ചിത്രത്തിന് പിന്നില്‍ 100ഓളം ജൂത സംഘങ്ങളുടെ സാമ്പത്തിക സഹായമുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിന്‍െറ ഏതാനും ഭാഗങ്ങളില്‍ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം അനുവദനീയമല്ലാത്തതാണ് ഇത്. യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച 13 മിനിറ്റ് ചിത്രത്തിലും ഈ ഭാഗങ്ങളുണ്ട്. കൂടാതെ, 2010ല്‍ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത അമേരിക്കന്‍ പാസ്റ്റര്‍ ടെറി ജോണ്‍സിന്‍െറ നിലപാടുകളെ ന്യായീകരിക്കുന്ന വിധമാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്.
സംഭവം വിവാദമായിരിക്കെ നിര്‍മാതാവ് സാം ബാസില്‍ വീണ്ടും ഇസ്ലാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇസ്ലാം ഒരു അര്‍ബുദമാണെന്ന് അഭിപ്രായപ്പെട്ട ബാസില്‍ തന്‍േറത് ഒരു രാഷ്ട്രീയ സിനിമയാണെന്ന് അവകാശപ്പെട്ടു. മുഹമ്മദ് നബി ബാല ലൈംഗികതക്കും മറ്റും അനുവാദം നല്‍കിയ സ്ത്രീലോലുപനായിരുന്നുവെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബാസില്‍ പറഞ്ഞു. വിവാദം കത്തിപ്പടര്‍ന്നതോടെ ബാസിലിനെ കാണാതായിട്ടുണ്ട്. അക്രമം ഭയന്ന് അയാള്‍ അജ്ഞാത കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ട്.