ഐക്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കണം: ശൈഖ് ഖലീഫ
ദുബൈ: ശൂന്യതയില്‍ നിന്ന് പിറവിയെടുത്തൊരു ദേശം നാലു പതിറ്റാണ്ടു കൊണ്ട് നാന്നൂറിന്റെ പ്രൗഢിയിലേക്ക് കുതിച്ചതിന്റെ മധുരം പെയ്യുന്ന സ്മൃതികള്‍ രാജ്യം ആഘോഷമായി കൊണ്ടാടുന്ന മുഹൂര്‍ത്തത്തില്‍ സ്വദേശികള്‍ക്ക് സമ്മാനമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിരവധി കര്‍മ പദ്ധതികള്‍.
വിവിധ എമിറേറ്റുകളിലായി 10,000 ഭവനങ്ങള്‍, സ്വദേശിവത്കരണ സമിതി, രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി പദ്ധതികളിലേറെയും രാജ്യത്ത് സ്വദേശി പൗരന്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യം അര്‍ഹിക്കുന്ന നിരവധി പേര്‍ ഇനിയും സ്വദേശികളില്‍ ഉണ്ടെന്നതിനാലാണ് എല്ലാ എമിറേറ്റുകളിലുമായി ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. പദ്ധതി പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഫെഡറല്‍, പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ ഫോളോഅപ്പ് സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ആരോഗ്യ പൂര്‍ണമായ കുടുംബ പശ്ചാത്തലമൊരുക്കുക വഴി രാജ്യത്തിന്റെ വികസനത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം മെച്ചപ്പെടുത്താനാവുമെന്ന് ശൈഖ് ഖലീഫ 41ാം ദേശീയ ദിന സന്ദേശത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. പൗരത്വം ബോധം, ദേശ സ്‌നേഹം, നേതൃത്വത്തോടുള്ള വിധേയത്വം, ഭരിക്കുന്നവരും ഭരണീയരും തമ്മിലെ ആശയ വിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരമാണ് ഡിസംബര്‍ രണ്ട്.
മഹാനായ രാഷ്ട്ര പിതാവ് ശൈഖ് സായിദും അദ്ദേഹത്തോടൊപ്പം നിലകൊണ്ട സഹോദരങ്ങളുമാണ് ഈ രാജ്യം സഫലമാക്കിയത്. ഐക്യമാണ് നമ്മെ നേട്ടങ്ങളിലേക്ക് മുന്നില്‍ നിന്നു നയിച്ച പ്രധാന ചാലക ശക്തി. 41ാം പിറന്നാള്‍ കുറിക്കുന്ന മുഹൂര്‍ത്തത്തില്‍ ദേശത്തിന്റെ സുരക്ഷക്കായി ഓരോരുത്തരും പ്രതിജ്ഞ പുതുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ എമിറേറ്റുകളുടെ പ്രഖ്യാപനം ചരിത്ര മുഹൂര്‍ത്തമായിരുന്നു. ദൈവ ഭയത്തിലും ഒപ്പം മഹത്തായ മാനുഷ്യക മൂല്യങ്ങളിലുമൂന്നി, ജനങ്ങള്‍ക്കും രാഷ്ട്രത്തിനും സമര്‍പ്പിച്ചാണ് നമ്മുടെ പൂര്‍വിക പിതാക്കള്‍ ഈ രാജ്യം കെട്ടിപ്പടുത്തത്. നീതി തന്നെ ഭരണത്തിന്റെ സത്തയെന്നും നിയമ ഭരണവും സാമൂഹിക സന്തുലനവുമായിരിക്കും അടിസ്ഥാന സന്ദേശവുമെന്നുറപ്പിച്ചാണ് നാം മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ യുവതലമുറയെ തൊഴില്‍ മേഖലയിലെത്തിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വദേശികള്‍ക്ക് സ്വകാര്യ, പൊതു മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്ന ചട്ടങ്ങളുടെ രൂപവത്കരണമായിരിക്കും സമിതിയുടെ പ്രധാന ദൗത്യം. ആവശ്യമായ പരിശീലനം നല്‍കി സ്വകാര്യ മേഖലക്ക് സ്വദേശി യുവതയെ പ്രാപ്തമാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിക്കും.





