അബൂദാബി : വളാഞ്ചേരി മർകസ് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തച്ചറക്കൽ ഇബ്രാഹിം ഹാജിയുടേയും പി.പി.മുഹമ്മദ് ഫൈസിയുടേയും അനുസ്മരണം സംഘടിപ്പിച്ചു. അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മുൻ പ്രസിഡണ്ടും വളാഞ്ചേരി മർകസു തർബിയതിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് ഹംസക്കുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി.
മർകസ് സ്ഥാപക നേതാവും മുഖ്യ കാര്യദർശിയും മർകസ് യു.എ.ഇ. കമ്മിറ്റിയുടെ നെടുംതൂണുമായിരുന്ന തച്ചറക്കൽ ഇബ്രാഹിം ഹാജി ദീനീ പ്രവർത്തനങ്ങൾക്ക് ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മർകസ് സ്ഥാപക കാലം മുതൽ മരണം വരെ മർകസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന പി.പി.മുഹമ്മദ് ഫൈസിയുടെ വിയോഗം മർകസിനു കനത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
ഹാഫിസ് അബ്ദുൽ ശുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ വാഫി സ്വാഗതവും ഷബീറലി വാഫി നന്ദിയും പറഞ്ഞു.





