Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ്ക്യാമ്പ് സമാപിച്ചു; തീര്‍ഥാടനത്തിന് പോയത് 8817 പേര്‍

കൊണ്ടോട്ടി: അവസാന സംഘം തീര്‍ഥാടകരും യാത്ര പുറപ്പെട്ടതോടെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് സമാപനമായി. ബുധനാഴ്ച 286 പേര്‍കൂടി യാത്ര തിരിച്ചതോടെ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ എണ്ണം 8817 ആയി. സപ്തംബര്‍ 25ന് തുടങ്ങിയ ഹജ്ജ് ക്യാമ്പില്‍ 29 വിമാനങ്ങളിലായാണ് തീര്‍ഥാടകര്‍ യാത്ര തിരിച്ചത്. കേരളത്തില്‍നിന്ന് 8440ഉം ലക്ഷദ്വീപില്‍നിന്ന് 314ഉം മാഹിയില്‍നിന്ന് 58 തീര്‍ഥാടകരുമാണുള്ളത്. അഞ്ച് കുട്ടികളും ഉള്‍പ്പെടും. തീര്‍ഥാടകരില്‍ 4212 പേര്‍ പുരുഷന്മാരും 4600 പേര്‍ വനിതകളുമാണ്.
ഹജ്ജിന് പോയവരില്‍ മൂന്നുപേര്‍ ഇതിനകം മരിച്ചു. മാനന്തവാടി സ്വദേശി മമ്മു (86), കോഴിക്കോട് നല്ലളം സ്വദേശി മൊയ്തീന്‍കോയ (66), കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ഖാദര്‍ (50) എന്നിവരാണ് മരിച്ചത്. കേരളത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 പേര്‍ അധികം ഇത്തവണ ഹജ്ജിന് പോയതായി ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ തവണ 8419 പേരാണ് പോയത്. സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന പോയവരില്‍ 4006 പേര്‍ക്ക് ഗ്രീന്‍ കാറ്റഗറിയിലും 4762 പേര്‍ക്ക് അസീസിയയിലും താമസസൗകര്യം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.
ഹാജിമാരുടെ മടങ്ങിവരവ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 15വരെയാണ്. 31ന് ഒരു വിമാനം മാത്രമാണുള്ളത്. ഹാജിമാര്‍ക്കുള്ള സംസം വെള്ളം ഇതിനകംതന്നെ കരിപ്പൂരിലെത്തിച്ചിട്ടുണ്ട്. ഹാജിമാര്‍ മടങ്ങുമ്പോള്‍ സംസം വെള്ളം വിതരണംചെയ്യും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, സി.ബി. അബ്ദുള്ളഹാജി, ഇ.സി. മുഹമ്മദ്, മുജീബ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു