ദുബായ്: പൊതുസ്ഥലങ്ങളില്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനവും പ്രധാന വകുപ്പുകളില്‍ തത്സമയ സേവനവും ലഭ്യമാക്കുന്ന സംവിധാനങ്ങളുമായി ദുബായ് സ്മാര്‍ട്ട് സിറ്റിയാവുന്നു.
ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റര്‍ പേജിലാണ് ദുബായിയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ശൈഖ് മുഹമ്മദ് നടത്തിയത്. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഞങ്ങള്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സുരക്ഷ എന്നീ രംഗങ്ങളില്‍ സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് ലക്ഷ്യമിടുന്നത്- ശൈഖ് മുഹമ്മദ് വിശദമാക്കുന്നു
പൊതുസ്ഥലങ്ങളിലെല്ലാം ദുബായില്‍ താമസിക്കുന്നവര്‍ക്ക് ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട്‌സിറ്റികൊണ്ട് ലക്ഷ്യമിടുന്ന പ്രധാന കാര്യം. പ്രധാന മേഖലകളില്‍ പെട്ടെന്ന് തന്നെ വിവരങ്ങള്‍ ലഭ്യമാക്കാനും കാര്യങ്ങള്‍ നിര്‍വഹിച്ചുകിട്ടാനും സ്മാര്‍ട്ട് സിറ്റിയിലെ എം. ഗവേണന്‍സ് സംവിധാനം വഴി സാധിക്കും.
ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ വികസന സങ്കല്‍പ്പത്തിനും സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് വിശദമാക്കി. ഓപ്റ്റിക്കല്‍ നെറ്റ് വര്‍ക്കും ഹൈസ്പീഡ് വയര്‍ലെസ് നെറ്റ് വര്‍ക്കുമാണ് പദ്ധതിയുടെ അടിസ്ഥാനം. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് കൂടുതല്‍ സൗകര്യം ഇത് വഴി ലഭ്യമാക്കും. സ്മാര്‍ട്ട് ഫോണുകള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുമായി ഏത് ദിവസവും ഏത് സമയവും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും കാര്യങ്ങള്‍ നിര്‍വഹിച്ചു കിട്ടാനും പുതിയ പദ്ധതി വഴി സാധിക്കും.





