കോഴിക്കോട്: ആരെയും വേദനിപ്പിക്കാതെ തന്നെ ആദര്‍ശം ആര്‍ക്കും പണയം വെക്കാന്‍ തയാറാകാത്ത പണ്ഡിതനായിരുന്നു കെ.ടി. മാനു മുസ്‌ലിയാരെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. 'കെ.ടി. മാനു മുസ്‌ല്യാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍' എന്ന ഗ്രന്ഥം പ്രമുഖ പ്രവാസി നേതാവ് യഹ്‌യ തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനു മുസ്‌ലിയാരെ സ്വന്തം തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ചുമതലകളെല്ലാം അദ്ദേഹം ഭംഗിയായി നിറവേറ്റിയിരുന്നു. മികച്ച എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കവിയുമൊക്കെയായിരുന്ന അദ്ദേഹം ഒരു മഹാപ്രതിഭയായിരുന്നു.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ മാനു മുസ്‌ലിയാര്‍ വളരെയധികം സ്‌നേഹിച്ചിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം നീക്കിവെച്ചത് വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം ആളുകളോട് പെരുമാറിയിരുന്നത്. മറ്റാര്‍ക്കുമില്ലാത്ത ചില ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ദാറുന്നജാത്തിനെ പ്രശസ്തമായ ഒരു സ്ഥാപനമാക്കി മാറ്റിയത് അദ്ദേഹമായിരുന്നെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.





