Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കൈതക്കാട്ട് നബിദിനറാലി സൗഹാര്‍ദത്തിന്റെ വേദിയായി.

ചെറുവത്തൂര്‍: മതസൗഹാര്‍ദം വാക്കില്‍ മാത്രം പോര, പ്രവര്‍ത്തികളിലാണ് വേണ്ടതെന്ന സന്ദേശം പൊതുസമൂഹത്തിന് കൈമാറുകയാണ് ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍മേഖലയിലുള്ളവര്‍.
നബിദിനാഘോഷഭാഗമായി കൈതക്കാട്ട് നടന്ന നബിദിനറാലി സൗഹാര്‍ദത്തിന്റെ വേദിയായി.
കൈതക്കാട് തര്‍ബിയത്തൂല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയും കൈതക്കാട്-പയ്യങ്കി മദ്രസ എസ്.കെ.എസ്.ബി.യു. യൂണിറ്റുകളും ചേര്‍ന്ന് സംഘടിപ്പിച്ച നബിദിനറാലിയെ കൈതക്കാട് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. 
കുടിവെള്ളവിതരണവും നടത്തി.സ്വീകരണത്തിന് ക്ഷേത്രം കൂട്ടായ്ക്കാര്‍, പ്രവര്‍ത്തിക്കാര്‍, ക്ഷേത്രം ഭാരവാഹികളായ സി.ശശി, അഡ്വ. രവീന്ദ്രന്‍, കെ.പി.പ്രകാശന്‍, പി.പി.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പതിവു തെറ്റിച്ചില്ല; മധുരവുമായി അവരെത്തി
രാജപുരം: നബിദിനാഘോഷച്ചടങ്ങില്‍ മതസൗഹാര്‍ദത്തിന്റെ സൗഹൃദനിമിഷങ്ങളുമായി ഇക്കുറിയും അവരെത്തി.കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുര ഭരണസമിതി ഭാരവാഹികളാണ് നബിദിനാഘോഷത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേരാന്‍ ഇക്കുറിയും കോളിച്ചാല്‍ ജുമാ മസ്ജിദില്‍ എത്തിയത്.
മധുരപലഹാരങ്ങളും പഴവര്‍ഗങ്ങളുമായെത്തിയ മടപ്പുര ഭാരവാഹികളെ ജമാ അത്ത് ഭാരവാഹികള്‍പള്ളിയിലേക്ക് സ്വാഗതം ചെയ്തു.
മടപ്പുര ഭാരവാഹികളായ എ.കെ.ദിവാകരന്‍, കെ.കെ.മുരളി, നാരായണന്‍ പാറക്കടവ്, സുകുമാരന്‍, അശോകന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ കോളിച്ചാല്‍, അബൂബക്കര്‍ഹാജി, മൊയ്തു, മെയ്തീന്‍കുഞ്ഞി എന്നിവര്‍ചേര്‍ന്നു സ്വീകരിച്ചു. പള്ളിക്കമ്മിറ്റിയുടെ സത്കാരം സ്വീകരിച്ചാണ് മടപ്പുര ഭാരവാഹികള്‍ മടങ്ങിയത്.