തിരുവനന്തപുരം: ന്യൂനപക്ഷപദ്ധതി കള്‍ക്ക് എതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ കക്ഷി ചേരണമെന്ന് മുസ്‌ലിം സംഘടനകള്‍. ചില മുസ്‌ലിം സംഘടനകളും കേസില്‍ കക്ഷിചേരാനും സന്നദ്ധത അറിയിച്ചു.
വഖഫ് നിയമഭേദഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മുസ്‌ലിംസംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് ചര്‍ച്ചക്ക് ശേഷം വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സച്ചാര്‍കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ, വിദ്യാഭ്യാസ, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം വരുന്നത്. കേസിലെ സുപ്രീംകോടതി വിധി അവസാനവാക്കായിരിക്കും.




