കോഴിക്കോട് : വിവിധ സംസ്ഥാനങ്ങളില്‍ ഹജ്ജിന് അനുവദിക്കപ്പെട്ട ക്വോട്ട തികക്കാന്‍ അപേക്ഷകരില്ലാത്തതു കൊണ്ട് സീറ്റുകള്‍ മിച്ചം വരുന്നത് മൂലം കേരളത്തിന് അനുവദിക്കപ്പെട്ട ക്വോട്ടയില്‍ 650 സീറ്റുകളുടെ കൂടി വര്‍ദ്ധനവുണ്ടായേക്കും. കേരളത്തിന് അനുവദിക്കപ്പെട്ട യഥാര്‍ത്ഥ ക്വോട്ടയായ 5350 സീറ്റിനൊപ്പം ഇതു കൂടി ചേരുന്നതോടെ കേരളത്തിന്‍റെ ക്വോട്ട 6000 തികഞ്ഞേക്കും. എന്നാല്‍ തുടര്‍ച്ചയായി നാലാം തവണ അപേക്ഷിക്കുന്നവരും 70 വയസ്സു തികഞ്ഞവരുമുള്‍പ്പെട്ട സംവരണ വിഭാഗത്തില്‍ മാത്രം ഇത്തവണ 9910 അപേക്ഷകരുണ്ടെന്നിരിക്കെ ഈ വിഭാഗത്തിലെ 4000ത്തോളം പേര്‍ക്കും ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ച 47000 പേര്‍ക്കും ഹജ്ജിന് പോകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
സംസ്ഥാനത്തെ അപേക്ഷകരുടെ എണ്ണത്തില്‍ അഭൂത പൂര്‍വ്വമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും വെയിറ്റിംഗ് ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് ഇതുവരെ ലഭിച്ച അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അനുവദിക്കുകയും മറ്റ് സാങ്കേതിക ജോലികളെല്ലാം പൂര്‍ത്തിയാവുകയും ചെയ്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് ഇത്തവണ നേരത്തെയാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ഹജ്ജ് അപേക്ഷകരുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചു വരികയും ഇതര സംസ്ഥാനങ്ങള്‍ക്കുള്ള ക്വോട്ട സ്ഥിരമായി ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച ക്വോട്ടയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്.





