Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ്; ഈ വര്‍ഷം 6054 പേര്‍ക് അവസരം

 കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവാന്‍ അപേക്ഷിച്ച 6054 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം. ഹജ്ജ് ക്വാട്ട കുറവായതിനാല്‍ നറുക്കെടുപ്പു കൂടാതെ നേരിട്ട് അവസരം ലഭിക്കേണ്ടിയിരുന്ന 3854 പേര്‍ ഉള്‍പ്പെടെ 50,057 പേര്‍ കാത്തിരിപ്പുപട്ടികയില്‍. ഇന്നലെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ഹജ്ജ് നറുക്കെടുപ്പിലാണ് 6054 പേരെ തിരഞ്ഞെടുത്തത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 56,111 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു ലഭിച്ചിട്ടുള്ളത്. ഹജ്ജിനു നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം ലഭിക്കുമായിരുന്ന 70നു മുകളില്‍ പ്രായമുള്ള റിസര്‍വ്-എ കാറ്റഗറിയില്‍പ്പെട്ട 2211 പേരും തുടര്‍ച്ചയായി മൂന്നു വര്‍ഷം അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത നാലാംവട്ട അപേക്ഷകരായ റിസര്‍വ്-ബി കാറ്റഗറിയില്‍പ്പെട്ട 7697 പേരും ഉള്‍പ്പെടെ 9908 പേര്‍ നേരിട്ട് അവസരം ലഭിക്കേണ്ടവരായി ഉണ്ടായിരുന്നു. എന്നാല്‍, കേരളത്തിനു ലഭിച്ച ആകെ ഹജ്ജ് ക്വാട്ട 6054 മാത്രമാണ്. അതോടെ റിസര്‍വ് കാറ്റഗറിയിലെ എ വിഭാഗത്തിലെ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കി. ബി കാറ്റഗറി വിഭാഗത്തില്‍ 3843 പേരെ നറുക്കെടുപ്പിലൂടെയും തിരഞ്ഞെടുത്തു. ശേഷിക്കുന്ന 3854 പേരെ വെയിറ്റിങ് ലിസ്റ്റിലും ഉള്‍പ്പെടുത്തി. മറ്റു സാധാരണ അപേക്ഷകരും വെയ്റ്റിങ് ലിസ്റ്റില്‍ തന്നെയാണ്. അധിക ക്വാട്ട ലഭിക്കുന്നപക്ഷം നിലവിലെ കാത്തിരിപ്പു പട്ടികയിലെ ക്രമനമ്പര്‍ അനുസരിച്ചായിരിക്കും അവസരം നല്‍കുക. ഇന്ത്യയില്‍ ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളിലായി 3,38,550 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കേരളത്തില്‍ നിന്നാണ്. എന്നാല്‍, ഹജ്ജ് ക്വാട്ടയില്‍ കേരളം മൂന്നാം സ്ഥാനത്താണുള്ളത്. മുസ്‌ലിം ജനസംഖ്യാനുപാതിക അടിസ്ഥാനത്തില്‍ ഹജ്ജ് ക്വാട്ട വീതിച്ചതാണ് കേരളത്തിനു ക്വാട്ട കുറയാന്‍ കാരണം. ഇതോടൊപ്പം ഹജ്ജ് ക്വാട്ടയിലെ 20 ശതമാനം വെട്ടിക്കുറവും സംസ്ഥാന ക്വാട്ടയെ ബാധിച്ചു. ഹജ്ജിന് അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകളും ഇവര്‍ക്കുള്ള നിര്‍ദേശങ്ങളും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവര്‍ ഹജ്ജിന്റെ ആദ്യഗഡുവായ 81,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ അടച്ചിരിക്കണം. തുക അടച്ചതിന്റെ പേ ഇന്‍ സ്ലിപ്പടക്കം മെയ് 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. നേരിട്ട് അവസരം ലഭിക്കാവുന്ന അപേക്ഷകളില്‍ നറുക്കെടുപ്പ് നടക്കുന്നതും ഈ വര്‍ഷമാണ്.