അഖ്സ : ഫലസ്തീനിലെ വിശുദ്ധ ഭവനമായ മസ്ജിദുല്‍ അഖ്സക്കടിയൂടെ ഇസ്രായേല്‍ അധികൃതര്‍ രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നതായി അല്‍അഖ്സ ഫൌണ്ടേഷന്‍ വെളിപ്പെടുത്തി. ഐന്‍ സില്‍വാന്‍ പ്രവിശ്യയില്‍ നിന്നാരംഭിച്ച് മസ്ജിദുല്‍ അഖ്സക്കടിയിലൂടെ കടന്നുപോയി ദാവൂദ് നഗരത്തിലെ ജൂതകുടിയേറ്റ കേന്ദ്രത്തിലേക്കെത്തുന്നതാണ് ഇതില്‍ ഒരു തുരങ്കം. മറ്റൊന്ന് അഖ്സയില്‍ നിന്നു തന്നെ ആരംഭിച്ച് വടക്കുഭാഗത്തേക്ക് പോവുന്നതാണ്.
വിശുദ്ധ ഭവനത്തിനടിയില്‍ തുരങ്കങ്ങള്‍ക്കു വേണ്ടി ഇസ്രായേല്‍ അധികൃതര്‍ ഖനനം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ ഫൌണ്ടേഷന്‍ പുറത്തുവിട്ടു. തുടര്‍ച്ചയായുള്ള ഖനനങ്ങളിലൂടെ പള്ളിയുടെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പള്ളിയുടെ നിലനില്‍പിനു തന്നെ ഇസ്രായേല്‍ നടപടി ഭീഷണിയാണെന്നും അല്‍അഖ്സ ഫൌണ്ടേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
ജറൂസലേമിനടുത്തുള്ള സില്‍വാന്‍ പ്രവിശ്യയിലെയും ബുറാഖ് ചത്വരത്തിലെയും പഴയ ജറൂസലേം നഗരത്തിലെയും തുരങ്ക ശൃംഖലയുമായി പുതിയ തുരങ്കങ്ങളെ ബന്ധിപ്പിക്കുകയാണ് ഇസ്രായേലിന്‍റെ ലക്ഷ്യം. മസ്ജിദുല്‍ അഖ്സയെ തകര്‍ത്ത് പകരം ജൂതക്ഷേത്രം പണിയുന്നതിനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് പുതിയ ഖനനമെന്നും ഫൌണ്ടേഷന്‍ വെളിപ്പെടുത്തി.





