Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സത്യ സന്ധതയാണ് സമസ്തയുടെ മുഖമുദ്ര -അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: ഒമ്പതു പതിറ്റാണ്ടു കാലം കേരളീയ സമൂഹത്തിനിടയില്‍ മത പ്രബോധന രംഗത്ത് നിറസാന്നിധ്യമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അവകാശികള്‍ സുന്നികള്‍ മാത്രമാണെന്നും പണ്ഡിത സമൂഹത്തെ തള്ളിപ്പറഞ്ഞ് സുന്നി പാരമ്പര്യത്തെ വലിച്ചറിഞ്ഞ കാന്തപുരം വിഭാഗത്തിന് സമസ്തയെന്നോ പണ്ഡിത സഭയെന്നോ പറയാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറത്ത് കാന്തപുരം വിഭാഗം നടത്തിയ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സത്യസന്ധതയാണ് സമസ്തയുടെ മുഖമുദ്ര. നേതാക്കളുടെ വിശുദ്ധിയും സത്യസന്ധതയുമാണ് സമസ്തക്കുള്ള ജനാംഗീകാരം. അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ സച്ചരിതരായ മുന്‍ഗാമികള്‍ പ്രചരിപ്പിച്ചതു പോലെ പ്രബോധനം നടത്തലാണ് പണ്ഡിതന്മാരുടെ ബാധ്യത. ഈ സത്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ നേതൃത്വത്തിന്റെ കീഴിലാണ് മുസ്‌ലിം സമൂഹം മത രംഗത്ത് നില കൊള്ളുന്നത്. ബോംബയിലെ കച്ചവടക്കാരനില്‍ നിന്ന് പണം കൊടുത്ത് കൊണ്ടു വന്ന കേശം പ്രവാചകരുടേതാണെന്ന് പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്ന കാന്തപുരം വിഭാഗം ഇസ്‌ലാമിന്റെ ആദരവുകളോടാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിനെതിരില്‍ പ്രതികരിക്കുന്ന പണ്ഡിതന്മാരെയും പൊതുജനങ്ങളെയും സുന്നി വിരുദ്ധരായി ചിത്രീകരിച്ച് 'സമസ്ത' യുടെ അവകാശികള്‍ തങ്ങളാണെന്ന പ്രചാരണം നടത്തുന്ന കാന്തപുരം വിഭാഗം സമസ്തയുടെ പേരും കൊടിയും ഉപേക്ഷിക്കാനുള്ള മാന്യത കാട്ടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.